സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റിനും സെക്രട്ടറിക്കും ഒന്നരമാസം മുമ്പു് ഒരു ‘ആപ്ലിക്കേഷന്‍’ സവിനയം സമര്‍പ്പിച്ചിരുന്നു. മറുപടിയില്ല. ഒരനക്കവുമില്ല.
പിന്നീടറിഞ്ഞു അവരെല്ലാം തിരക്കുകളിലാണെന്നു്. 2011 മാര്‍ച്ച് 31 നകം മുപ്പതുകോടി രൂപ ചിലവഴിച്ചു തീര്‍ക്കണം. നെട്ടോട്ടമാണു്. വന്‍പദ്ധതികളുണ്ടെന്നാണു് കേള്‍ക്കുന്നതു്.
ആ വമ്പന്‍ തുകയുടെ ആയിരത്തിലൊന്ന്, 3 ലക്ഷം രൂപ, ചിലവഴിക്കാന്‍ സന്നദ്ധമായാല്‍ കമ്പ്യൂട്ടറുള്ള പതിനഞ്ചു് ഗ്രാമീണ ലൈബ്രറികളെങ്കിലും മീരയെ കുടിയിരുത്താന്‍ കഴിയും എന്നു് ചില പ്രമാണികള്‍ മുഖേന ധരിപ്പിച്ചു. ഒരനക്കവുമില്ല.
രണ്ടാഴ്ചമുമ്പു് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ലൈബ്രറിയില്‍ മീര ഇന്‍സ്റ്റാള്‍ ചെയ്തു. ലളിതാലെനിനാണു് മുന്‍കയ്യെടുത്തതു്. വളരെ നല്ല കാര്യം.
ഇപ്പോള്‍ നാലിടത്തായി. സ്വന്തം കീശയില്‍നിന്നു് യാത്രപ്പടിയ്ക്കും ചോറിനുമായി വകയിരുത്തിക്കൊണ്ടു് മീര മുന്നേറുകയാണു്. കൊടകരയില്‍ ജയന്‍ അവണൂരിന്റെ നേതൃത്വത്തില്‍ സംഗതികള്‍ ഉഷാറായി പോകുന്നുണ്ടെന്ന വാര്‍ത്ത ദാരിദ്ര്യബോധത്തെ ശമിപ്പിക്കുന്നു.
ഇതിനൊക്കെ ഇടയിലാണു് മൈന ഉമൈബാന്റെ ക്ഷണം വന്നിരിക്കുന്നത്. നാളെ 2011 ഫെബ്രുവരി 17നു് വയനാട്, പുല്‍പ്പള്ളി, കുറുവ ഡോര്‍മിറ്ററിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ഭാഷാ സെമിനാര്‍ നടക്കുന്നു. വരണം. മീരയെ അവതരിപ്പിക്കണം.
ഉഷാര്‍! ഇന്നു വൈകുന്നേരം പുറപ്പെടുകയാണു്. ഉണ്ണിയും രാകേഷും ഹരിയും നിതീഷും കൂടെയുണ്ട്. ഒന്നും നടന്നില്ലെങ്കിലും രണ്ടുദിവസം വയനാട്ടിലൊന്നു് കറങ്ങാമല്ലോ എന്നു് കുട്ടികള്‍ പറയുന്നു.