ദേശാഭിമാനിയില്‍ ആദര്‍ശിന്റെ ലേഖനം വന്നതോടെ ബ്ലോഗിലെത്തുന്ന സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടു്. ഇ-മെയിലും ഫോണും വഴിയുള്ള ബന്ധങ്ങളും കൂടിവരുന്നു. വളരെ ആഹ്ലാദകരമായ അനുഭവമാണിതു്. നമ്മുടെ നാടു് വളരെയേറെ ആഗ്രഹിച്ചിരുന്ന ഒരു പാക്കേജാണിതു് എന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നു അന്വേഷണങ്ങളും അഭിനന്ദനങ്ങളും,
ഈ പാക്കേജ് എവിടെനിന്നു കിട്ടും? ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരിടവും കാണുന്നില്ലല്ലോ? പലരും ചോദിക്കുന്നു.
സ്വതന്ത്രവും സൗജന്യവുമായ ഒരു പാക്കേജാണു് മീര എന്നുള്ളതിനാലാണു് ഇത്തരം അന്വേഷണങ്ങള്‍.
ഏതെങ്കിലും ഒരു സൈറ്റില്‍നിന്നു് ഡൗണ്‍ലോഡ് ചെയ്തു് ഒറ്റയടിക്കു് ഇന്‍സ്റ്റാള്‍ചെയ്തു് കാര്യങ്ങള്‍ നേരെയാക്കാം എന്നത്ര ലളിതമല്ല ഒരു ലൈബ്രറിയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം. കോഹയേക്കാള്, ഇ-ഗ്രന്ഥാലയത്തേക്കാള് എളുപ്പം പഠിച്ചു് പ്രായോഗികമാക്കാന്‍ മീരയ്ക്കു കഴിയും എന്നുള്ളതുകൊണ്ടു് ലൈബ്രറിയുടെ പ്രശ്നങ്ങള്‍ ഒരൊറ്റദിവസംകൊണ്ടു് പരിഹരിക്കാന്‍ കഴിയും എന്ന തെറ്റായ ധാരണയിലേക്കു് നാം എത്തിപ്പെടരുതു്.
എത്ര ചെറിയ ലൈബ്രറി ആയാലും, വളരെ ശ്രദ്ധിച്ചു് കൈകാര്യംചെയ്യേണ്ട ഒന്നാണു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചൊരുക്കുന്ന ലൈബ്രറിസംവിധാനവും പരിപാലനവും. ഇരുപത്തഞ്ചുവര്‍ഷത്തെ ഈ രംഗത്തെ അനുഭവങ്ങള്‍വെച്ചു പറയുകയാണു്. ലൈബ്രറി ആട്ടോമേഷനെ എത്ര എളുപ്പമാക്കാം എന്ന അന്വേഷണമാണു് മീര. പാക്കേജ് കിട്ടിക്കഴിഞ്ഞാല്‍ മറ്റുധാരണകളൊന്നും കൂടാതെ ഉടനെ തുടങ്ങാം എന്നതിനു് തീര്‍ത്തും എതിരാണു് ഞാന്‍. എന്റെ എതിര്‍പ്പിനു് ഒട്ടേറെ കാരണങ്ങളുണ്ടു്. സൂക്ഷ്മമായി, ശ്രദ്ധിച്ചു് കെട്ടിപ്പടുക്കേണ്ട ഒന്നാണു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിവരവ്യവസ്ഥകള്‍. താഴെ പറയുന്ന പല പരിഗണനകളും സജീവമായുണ്ടു്.
മീര കൈകാര്യംചെയ്യുന്ന മേഖലകള്‍ ഏതൊക്കെ? കൈകാര്യം ചെയ്യാത്തവ ഏന്തൊക്കെ?
എങ്ങനെയാണു് പാക്കേജിന്റെ പ്രവര്‍ത്തനങ്ങളെ വിഭജിച്ചിരിക്കുന്നതു്?
ഏതൊക്കെ ഘട്ടങ്ങള്‍ ഏതു ക്രമത്തിലാണു് പൂര്‍ത്തീകരിക്കേണ്ടതു്? ക്രമവ്യതിയാനങ്ങള് എങ്ങനെ പാക്കേജിന്റെ പ്രവര്‍ത്തനങ്ങളെയും പാക്കേജുകൊണ്ടു് സാധിച്ചെടുക്കേണ്ട സംവിധാനങ്ങളെയും ബാധിക്കും?
ഓരോഘട്ടങ്ങളിലും ഡാറ്റാ എന്‍ട്രിയില്‍ പാലിക്കേണ്ട വിശദാംശങ്ങള്‍ ഏവ? കുത്തിനും കോമയ്ക്കും പോലും സവിശേഷമായ പ്രാധാന്യമുണ്ടു്. മീര പിന്തുടരുന്ന കാറ്റലോഗിംഗ് പാറ്റേണിനെക്കുറിച്ചു് വ്യക്തമായ ധാരണകള്‍ ആവശ്യമാണു്.
2000 നു മുമ്പുള്ള മിക്കവാറും പുസ്തകങ്ങളുടെ കാറ്റലോഗ് വിവരങ്ങള്‍ ഏതാനും മൗസ് ക്ലിക്ക് കൊണ്ടു് ലഭ്യമാകുമ്പോള്‍, രണ്ടായിരത്തിനുശേഷമുള്ളതു് അടിച്ചുതന്നെ ചേര്‍ക്കണം. ഇതിനു് മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലുള്ള പരിചയം വേണം. ഹിന്ദിയും തമിഴുമൊക്കെ കൈകാര്യംചെയ്യാനും പ്രാപ്തികൈവരിക്കണം. കാറ്റലോഗിംഗ് പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണു് പുസ്തകങ്ങളുടെ വര്‍ഗ്ഗീകരണവും. ഡ്യൂവി ഡെസിമെല്‍ ക്ലാസ്സിഫിക്കേഷനിലെ (DDC) നാന്നൂറു് ക്ലാസ്സുകളിലായാണു് മലയാള ഗ്രന്ഥവിവരത്തിലെ 52,000 ഗ്രന്ഥങ്ങള്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്നതു്. ക്ലാസ്സിഫൈചെയ്തു് ക്രമീകരിച്ചിരിച്ചിട്ടുണ്ടെങ്കിലും ആട്ടോമേറ്റ് ചെയ്യാത്ത ഒരു ലൈബ്രറിയില്‍ അതിനാല്‍ എങ്ങനെയായിരിക്കണം മീരയിലെ DDCയോടുള്ള സമീപനം? സ്വന്തം ക്ലാസ്സിഫിക്കേഷനാണു് പിന്തുടരുന്നതെങ്കില്, ഡാറ്റാ എന്‍ട്രിയിലുള്ള വ്യതിയാനങ്ങള്‍ എങ്ങനെ? മീരയിലെ DDC യാണു് പിന്തുടരുന്നതെങ്കില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? മീര DDCയുടെ പ്രത്യേകതകള്‍ എന്തൊക്കെ? അതില്‍ വന്നിട്ടുള്ള തെറ്റുകളെ എങ്ങനെ തിരുത്താം? മലയാളഗ്രന്ഥങ്ങളെ വര്ഗ്ഗീകരിക്കുന്നതുപോലെ എങ്ങനെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ വര്‍ഗ്ഗീകരിക്കാം?
മെമ്പര്‍ഷിപ്പും സര്‍ക്കുലേഷനും നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ഏതൊക്കെ?
ഇതിനൊക്കെ പുറമെയാണു് ലിനക്സ് കോണ്‍ഫിഗര്‍ ചെയ്തെടുക്കുന്ന പ്രശ്നങ്ങള്‍. ലിനക്സില്‍ നല്ല പരിചയമുള്ളവര്‍ക്കു് ഇതൊരു പ്രശ്നമല്ലായിരിക്കാം. വിന്‍ഡോസില്‍ കുടുങ്ങിക്കിടക്കുന്ന ഭൂരിപക്ഷം മലയാളികള്‍ക്കും ഇന്സ്റ്റലേഷന് പ്രശ്നംതന്നെയായിരിക്കും.
മീരകൊണ്ടു് ഉദ്ദേശിക്കുന്നതു് വെറുമൊരു പാക്കേജ് എന്നതു മാത്രമല്ല. നമ്മുടെ അയ്യായിരത്തോളം വരുന്ന ഗ്രാമീണ വായനശാലകളില്‍ തൊണ്ണൂറുശതമാനവും ശാസ്ത്രീയമായി വര്‍ഗ്ഗീകരിക്കുകയോ കാറ്റലോഗ് ചെയ്യപ്പെട്ടവയോ അല്ല. ഇവയൊന്നും കൂടാതെ ഒരു ലൈബ്രറിയെ നവീകരിക്കാന്‍ സാധിക്കുകയുമില്ല. മീരയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിനു് ഒട്ടേറെ ക്രമീകരണങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മീര പ്രയോഗിക്കുന്നതിലൂടെ ഇത്തരം സംവിധാനങ്ങള്‍ എങ്ങനെ സ്വയം ഉല്പാദിപ്പിച്ചെടുക്കാം എന്നതു് മീരയുടെ ലക്ഷ്യമാണു്.
വായനശാലാ പ്രവര്‍ത്തകര്‍ മീര പ്രയോഗിക്കുന്നതിനുമുമ്പു്, സാധിച്ചെടുക്കേണ്ട സംവിധാനങ്ങളെക്കുറിച്ചു് വ്യക്തത കൈവരിക്കേണ്ടതുണ്ടു്. ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതും ബോദ്ധ്യപ്പെടേണ്ടതുമുണ്ടു്. മീരയുടെ ഇന്സ്റ്റലേഷനോടു് ബന്ധപ്പെട്ടു് ലൈബ്രറി സംവിധാനത്തിന്റെയും ക്രമീകരണത്തിന്റേയും എണ്ണമറ്റ പ്രശ്നങ്ങളുണ്ടു്. ബുക്ക് മാര്‍ക്ക് ഇടുന്നതില്‍ എത്ര അക്ഷരങ്ങള്‍ ഏതൊക്കെ വിഭാഗങ്ങളില്‍ ഉപയോഗിക്കണം? ഓരോ ലൈബ്രറിയിലും DDC വര്‍ഗ്ഗീകരണത്തെ മാനിക്കുമ്പോള്‍തന്നെ അതതു സാഹചര്യങ്ങള്‍ക്കനുസരിച്ചു് സവിശേഷമായ കളക്ഷനുകളെ എങ്ങനെ നിര്‍മ്മിച്ചെടുക്കാം?… നിരവധി സൂക്ഷ്മമായ കാര്യങ്ങളിലൂടെയാണു് ഒരു ലൈബ്രറി ശാസ്ത്രീയമായി ചിട്ടപ്പെടുന്നതു്. ഇതൊന്നും പരിഗണിക്കാതെയും പഠിക്കാതെയും മീര എടുത്തു് പ്രയോഗിക്കുന്നതിനോടു് എനിക്കു് എതിര്‍പ്പാണുള്ളത്.
അതുകൊണ്ടു് മീരയുടെ പ്രചരണവും ഇന്‍സ്റ്റലേഷനും ഏതുതരത്തിലാകണം?
എന്റെ മനസ്സിലുള്ള പദ്ധതി ഇപ്രകാരമാണു്.
ബ്ലോഗിലൂടെയും ഇമെയിലിലൂടെയും ആഗ്രഹം പ്രകടിപ്പിച്ച സുഹൃത്തുക്കളുടെ മേല്‍വിലാസങ്ങള്‍ കയ്യിലുണ്ടു്. അവരുടെ പ്രദേശങ്ങള്‍ ഗ്രൂപ്പുചെയ്തു് കേരളത്തില്‍ പലയിടങ്ങളിലായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലകള് സംഘടിപ്പിക്കുക. സമീപപ്രദേശങ്ങളിലുള്ള ഗ്രാമീണ വായനശാലാ പ്രവര്‍ത്തകരേയും ഇതിലേക്കു ക്ഷണിക്കണം, പങ്കെടുപ്പിക്കണം. ഈ ശില്പശാലകളില്വെച്ചു് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി വിശദീകരിക്കാനും മീരയെ പ്രയോജനപ്പെടുത്തി എങ്ങനെ ഇവയൊക്കെ പരിഹരിക്കാനും കഴിയുമെന്നു് മുഖാമുഖം വിശദീകരിക്കാന്‍ കഴിയും. ലൈബ്രറിയന്മാരുടെ പ്രായോഗികതലത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ അറിയാനും ഉത്തരങ്ങള്‍ നല്‍കാനും ശില്പശാലകള് വഴിയൊരുക്കും.
ശില്പശാലയ്ക്കുശേഷം, പങ്കെടുത്ത ഓരോ ലൈബ്രറിയിലുംചെന്നു് ഇന്‍സ്റ്റാള്‍ ചെയ്തുകൊടുക്കുന്ന പ്രവൃത്തിയും തുടര്‍ന്നു് നടത്തണം. ഓരോ ലൈബ്രറിയിലും വ്യത്യസ്തമായ, അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു് തീര്‍ച്ച. അതു് കേള്‍ക്കുകയും ഏതു വിധത്തിലാണു് മീര അവയെ കൈകാര്യം ചെയ്യുന്നതെന്നു് വിശദീകരിക്കുകയും വേണം. ഒരു ലൈബ്രറിക്കു് ഒരുദിവസമെങ്കിലും ഇതിനായി കണ്ടെത്തണം. ശില്പശാലയില് ഒരുമിച്ചു കൂടിയിരുന്നു് മീരയെ പരിചയപ്പെടാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും കഴിയുന്നതുകൊണ്ടു് ഇന്‍സ്റ്റലേഷനും ഭാഷാസാങ്കേതികപഠനങ്ങളും മറ്റും എളുപ്പമാകുമെന്നു മാത്രം.
കോലഴി, തിരുന്നാവായ, കൊടകര – മൂന്നിടത്തെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടു്. എങ്ങനെയാണവ അവിടെ മുന്നേറുന്നതു്? എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടാകുന്നു? ഇവിടുത്തെ അനുഭവങ്ങളില്‍നിന്നു് മീരയെ കൂടുതല്‍ പരിഷ്കരിക്കാന്‍ അവസരം ലഭിക്കും. പുസ്തകങ്ങളുടെ കാറ്റലോഗിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സര്‍ക്കുലേഷന്‍ മോഡ്യൂളും പ്രയോഗിച്ചു് പരീക്ഷിക്കേണ്ടതായിട്ടുണ്ടു്. അതും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യപ്പെട്ടേക്കാം.
കഴിയുന്നത്ര കുറ്റമറ്റരീതിയില്‍ തന്നെയായിരിക്കണം തുടക്കത്തിലേ മീര പ്രചരിക്കേണ്ടതു്. ചെറിയ അപാകങ്ങള്‍പോലും അതിനെ തള്ളിക്കളയാനുള്ള പ്രചരണത്തിനു് തുടക്കമിടാം. ഒരൊറ്റ ദിവസംകൊണ്ടു് പഠിക്കാവുന്ന ഒരു പാക്കേജ് കയ്യില്‍ കിട്ടിയാല്‍ ഉടനടി ലൈബ്രറിയെ നേരെയാക്കിയെടുക്കാം എന്ന അപകടകരമായ ചിന്താഗതിയെ എങ്ങനെ നേരിടാം എന്നതാണു് ഇപ്പോഴത്തെ ഞങ്ങളുടെ പ്രശ്നം. ഉദാസീനമായ രീതിയില്‍ പ്രയോഗിക്കാനിടവന്നാല് മീരയുടെ എല്ലാ സ്വപ്നങ്ങളും പാഴായിപ്പോകും.
ശില്പശാലകള് നടത്താനും ഇന്‍സ്റ്റാള്‍ ചെയ്യാനും പ്രാപ്തിയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കണം. ശില്പശാലകള് സംഘടിപ്പിക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തണം. ഇത്തരമൊരു പ്രചരണ സംവിധാനമൊരുക്കാനുള്ള ഏറ്റവും ഫലപ്രദമായ ഏജന്‍സി നമ്മുടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തന്നെയാണു്. കൗണ്‍സിലിനെ ഇക്കാര്യം ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു് ഞങ്ങള്‍ തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ടു്.
നമ്മുടെ വിലപിടിച്ച ഗ്രാമീണ ഗ്രന്ഥപ്പുരകളെ ആധുനികവല്‍ക്കരിക്കാനും പുതുജീവന്‍ പകരാനുമുള്ള ഒരു ഒറ്റമൂലിയല്ല മീര. വേണ്ടവിധത്തില്‍ പ്രയോഗിച്ചാല്‍ നവീകരണങ്ങള്‍ക്കു് ശ്രദ്ധേയമായ തുടക്കങ്ങള്‍ നല്കാന് അതിനുകഴിയും.
എളുപ്പത്തില്‍ ഇതു് നേടിയെടുക്കാം എന്ന അലസമനോഭാവക്കാരെ അതുകൊണ്ടു് തുടക്കത്തിലെങ്കിലും ഒഴിവാക്കേണ്ടതു് ആവശ്യമാണു്.
പലപ്രദേശങ്ങളിലെ ലൈബ്രറികളില്‍നിന്നു കിട്ടുന്ന വിലപ്പെട്ട അനുഭവങ്ങളെ ക്രോഡീകരിച്ചു് ഒരു മാനുവല്‍ / പഠനസഹായി ഉണ്ടാക്കിയെടുക്കുകയും വേണം. പി.പി. രാമചന്ദ്രന് നിര്‍ദ്ദേശിച്ചതുപോലെ ശില്പശാലകള് നടക്കുമ്പോഴുള്ള ക്ലാസ്സുകള്‍ വീഡിയോ ചിത്രീകരണംചെയ്യുന്നതും സൈറ്റിലിടുന്നതും പന്നീടുള്ള ഇന്‍സ്റ്റലേഷനുകള്‍ക്കു് പ്രയോജനംചെയ്യും.
ഒന്നോരണ്ടോ വര്‍ഷത്തെ പ്രചരണംകൊണ്ടു് ഇപ്പോള്‍ പല സുഹൃത്തുക്കളും ആഗ്രഹിക്കുന്നതുപോലെ സ്വന്തമായി പാക്കേജ് ഡൗണ്‍ലോഡ് ചെയ്തു് ലൈബ്രറികളില്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനമൊരുക്കുന്ന ഒരു സ്ഥിതി ഉണ്ടാവുകയാണെങ്കില്‍, മീരയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടും.
മീരയുടെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ടുള്ള താങ്കളുടെ അഭിപ്രായങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. കേരളത്തിലെ വിവിധ ഗ്രന്ഥശാലകളില്‍ നിന്ന് , ലിനക്സ് കൈകാര്യം ചെയ്തു പരിചയമുള്ള , ഈ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള ആളുകളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കണം. ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ ഇതിനായി ഒരു ടീമിനെ ഒരുക്കാവുന്നതാണ്. അവര്‍ നിശ്ചയിക്കപ്പെട്ട പരിധിയിലെ ഗ്രന്ഥശാലകളില്‍ പരിശീലനം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യട്ടെ. ലൈബ്രറി കൌണ്‍സിലിന്റെ സഹകരണം കൂടിയുണ്ടായാല്‍ ഈ പ്രവര്‍ത്തനം ഭംഗിയായി നടത്താന്‍ കഴിയും.
ജയരാജന് വടക്കയില്‍
കൊഴുക്കല്ലുര്‍, മേപ്പയൂര്‍.
സര്
താലുക്ക് തലത്തില്‍ ഒരു ശില്പശാല നടക്കുകയാണെങ്കില്‍ സൌകര്യമാവും. താങ്കള്‍ ഉദ്ദേശിച്ചതുപോലെ മീരയെ വിജയിപ്പിക്കാം. പൂര്‍ണമായി പിന്തുണ ലഭിക്കും. ആശംസകള്‍
സര്,
താങ്കളുടെ അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഒരു അഡ്മിനിസ്ട്രേറ്റീവ് സോഫ്റ്റുവെയറുമായി എന്റെ നാലു വര്‍ഷത്തെ അനുഭവവും ഇതു തന്നെയാണ്. താലൂക്ക് ലൈബ്രററി കൗണ്‍സിലുമായി ബന്ധപ്പെട്ട് ഒരു വര്‍ക്ക്ഷോപ്പ് നടത്തിയതിനു ശേഷം മാത്രം ഗ്രാമീണ ഗ്രന്ഥാലയങ്ങളില് ഇതു നടപ്പാക്കുന്നതാണ് നല്ലത്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളില്‍ നടപ്പാക്കാവുന്നതാണ്.
സര്,പുതിയ വിവരങ്ങളൊന്നുമില്ലല്ലോ?
ജില്ലകളിലെ ശില്പശാലകളുടെ വിവരങ്ങള്‍ ആയോ?
ഹുസൈൻ സാർ
വീട്ടുലുള്ള 1000 + പുസ്തകങ്ങൾ മാത്രമുള്ള ഒരു കൊച്ചു ലൈബ്രറിക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താൻ പറ്റും എന്നുള്ളതിനെപ്പറ്റി കൂടുതൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇംഗ്ലീഷും മലയാളവും പുസ്തകങ്ങൾ മാത്രമേ ഉള്ളൂ.
ഇന്സ്റ്റലേഷന് നൂലാമാലകളും മറ്റും ഒരു വെര്‍ച്വല്‍ മെഷീന് സംവിധാനത്തിലൂടെ മറികടക്കാവുന്നതേയുള്ളൂ. സ്വതന്ത്ര സോഫ്റ്റുവെയറായ വെര്‍ച്വല്‍ ബോക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീയെം സജ്ജമാക്കിയാല്‍ മറ്റു പ്രവര്‍ത്തനരീതികളെ കൂടുതലായി പഠിപ്പിക്കാന്‍ സാധിക്കും.
സാധാരണ ആളുകള്‍ക്കു് അപ്രാപ്യമായ രീതിയില്‍ ഇതിനെ സംരക്ഷിച്ചു് നിര്‍ത്തിയാല്‍ ഇതിന്റെ വികാസം മുരടിച്ചേക്കാം എന്നാണു് എന്റെ അഭിപ്രായം.
എന്തായാലും ഈ സദുദ്യമത്തിനു് എല്ലാ ഭാവുകങ്ങളും.
ജില്ലകളിലെ ശില്പശാലകളുടെ വിവരങ്ങളൊന്നുമില്ലല്ലോ
ee masam undavumo
why r u silent now?
ഇതും വാണിജ്യ സോഫ്റ്റ് വെയര്‍ ആയി മാറിയോ? ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഒന്നും കാണാനില്ലല്ലോ? ഇതിന്റെ ഒരു കോപ്പി കിട്ടാന്‍ വല്ല വഴിയുമുണ്ടോ? Hussain sir, it would be great if you can upload the project to SourceForge Net or GitHub.