Feeds:
Posts
Comments

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റിനും സെക്രട്ടറിക്കും ഒന്നരമാസം മുമ്പു് ഒരു ‘ആപ്ലിക്കേഷന്‍’ സവിനയം സമര്‍പ്പിച്ചിരുന്നു. മറുപടിയില്ല. ഒരനക്കവുമില്ല.

പിന്നീടറിഞ്ഞു അവരെല്ലാം തിരക്കുകളിലാണെന്നു്. 2011 മാര്‍ച്ച് 31 നകം മുപ്പതുകോടി രൂപ ചിലവഴിച്ചു തീര്‍ക്കണം. നെട്ടോട്ടമാണു്. വന്‍പദ്ധതികളുണ്ടെന്നാണു് കേള്‍ക്കുന്നതു്.

ആ വമ്പന്‍ തുകയുടെ ആയിരത്തിലൊന്ന്, 3 ലക്ഷം രൂപ, ചിലവഴിക്കാന്‍ സന്നദ്ധമായാല്‍ കമ്പ്യൂട്ടറുള്ള പതിനഞ്ചു് ഗ്രാമീണ ലൈബ്രറികളെങ്കിലും മീരയെ കുടിയിരുത്താന്‍ കഴിയും എന്നു് ചില പ്രമാണികള്‍ മുഖേന ധരിപ്പിച്ചു. ഒരനക്കവുമില്ല.

രണ്ടാഴ്ചമുമ്പു് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ലൈബ്രറിയില്‍ മീര ഇന്‍സ്റ്റാള്‍ ചെയ്തു. ലളിതാലെനിനാണു് മുന്‍കയ്യെടുത്തതു്. വളരെ നല്ല കാര്യം.

ഇപ്പോള്‍ നാലിടത്തായി. സ്വന്തം കീശയില്‍നിന്നു് യാത്രപ്പടിയ്ക്കും ചോറിനുമായി വകയിരുത്തിക്കൊണ്ടു് മീര മുന്നേറുകയാണു്. കൊടകരയില്‍ ജയന്‍ അവണൂരിന്റെ നേതൃത്വത്തില്‍ സംഗതികള്‍ ഉഷാറായി പോകുന്നുണ്ടെന്ന വാര്‍ത്ത ദാരിദ്ര്യബോധത്തെ ശമിപ്പിക്കുന്നു.

ഇതിനൊക്കെ ഇടയിലാണു് മൈന ഉമൈബാന്റെ ക്ഷണം വന്നിരിക്കുന്നത്. നാളെ 2011 ഫെബ്രുവരി 17നു് വയനാട്, പുല്‍പ്പള്ളി, കുറുവ ഡോര്‍മിറ്ററിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ഭാഷാ സെമിനാര്‍ നടക്കുന്നു. വരണം. മീരയെ അവതരിപ്പിക്കണം.

ഉഷാര്‍! ഇന്നു വൈകുന്നേരം പുറപ്പെടുകയാണു്. ഉണ്ണിയും രാകേഷും ഹരിയും നിതീഷും കൂടെയുണ്ട്. ഒന്നും നടന്നില്ലെങ്കിലും രണ്ടുദിവസം വയനാട്ടിലൊന്നു് കറങ്ങാമല്ലോ എന്നു് കുട്ടികള്‍ പറയുന്നു.

ദേശാഭിമാനിയില്‍ ആദര്‍ശിന്റെ ലേഖനം വന്നതോടെ ബ്ലോഗിലെത്തുന്ന സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടു്. ഇ-മെയിലും ഫോണും വഴിയുള്ള ബന്ധങ്ങളും കൂടിവരുന്നു. വളരെ ആഹ്ലാദകരമായ അനുഭവമാണിതു്. നമ്മുടെ നാടു് വളരെയേറെ ആഗ്രഹിച്ചിരുന്ന ഒരു പാക്കേജാണിതു് എന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നു അന്വേഷണങ്ങളും അഭിനന്ദനങ്ങളും,

ഈ പാക്കേജ് എവിടെനിന്നു കിട്ടും? ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരിടവും കാണുന്നില്ലല്ലോ? പലരും ചോദിക്കുന്നു.

സ്വതന്ത്രവും സൗജന്യവുമായ ഒരു പാക്കേജാണു് മീര എന്നുള്ളതിനാലാണു് ഇത്തരം അന്വേഷണങ്ങള്‍.

ഏതെങ്കിലും ഒരു സൈറ്റില്‍നിന്നു് ഡൗണ്‍ലോഡ് ചെയ്തു് ഒറ്റയടിക്കു് ഇന്‍സ്റ്റാള്‍ചെയ്തു് കാര്യങ്ങള്‍ നേരെയാക്കാം എന്നത്ര ലളിതമല്ല ഒരു ലൈബ്രറിയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം. കോഹയേക്കാള്‍, ഇ-ഗ്രന്ഥാലയത്തേക്കാള്‍ എളുപ്പം പഠിച്ചു് പ്രായോഗികമാക്കാന്‍ മീരയ്ക്കു കഴിയും എന്നുള്ളതുകൊണ്ടു് ലൈബ്രറിയുടെ പ്രശ്നങ്ങള്‍ ഒരൊറ്റദിവസംകൊണ്ടു് പരിഹരിക്കാന്‍ കഴിയും എന്ന തെറ്റായ ധാരണയിലേക്കു് നാം എത്തിപ്പെടരുതു്.

എത്ര ചെറിയ ലൈബ്രറി ആയാലും, വളരെ ശ്രദ്ധിച്ചു് കൈകാര്യംചെയ്യേണ്ട ഒന്നാണു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചൊരുക്കുന്ന ലൈബ്രറിസംവിധാനവും പരിപാലനവും. ഇരുപത്തഞ്ചുവര്‍ഷത്തെ ഈ രംഗത്തെ അനുഭവങ്ങള്‍വെച്ചു പറയുകയാണു്. ലൈബ്രറി ആട്ടോമേഷനെ എത്ര എളുപ്പമാക്കാം എന്ന അന്വേഷണമാണു് മീര. പാക്കേജ് കിട്ടിക്കഴിഞ്ഞാല്‍ മറ്റുധാരണകളൊന്നും കൂടാതെ ഉടനെ തുടങ്ങാം എന്നതിനു് തീര്‍ത്തും എതിരാണു് ഞാന്‍. എന്റെ എതിര്‍പ്പിനു് ഒട്ടേറെ കാരണങ്ങളുണ്ടു്. സൂക്ഷ്മമായി, ശ്രദ്ധിച്ചു് കെട്ടിപ്പടുക്കേണ്ട ഒന്നാണു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിവരവ്യവസ്ഥകള്‍. താഴെ പറയുന്ന പല പരിഗണനകളും സജീവമായുണ്ടു്.

മീര കൈകാര്യംചെയ്യുന്ന മേഖലകള്‍ ഏതൊക്കെ? കൈകാര്യം ചെയ്യാത്തവ ഏന്തൊക്കെ?

എങ്ങനെയാണു് പാക്കേജിന്റെ പ്രവര്‍ത്തനങ്ങളെ വിഭജിച്ചിരിക്കുന്നതു്?

ഏതൊക്കെ ഘട്ടങ്ങള്‍ ഏതു ക്രമത്തിലാണു് പൂര്‍ത്തീകരിക്കേണ്ടതു്? ക്രമവ്യതിയാനങ്ങള്‍ എങ്ങനെ പാക്കേജിന്റെ പ്രവര്‍ത്തനങ്ങളെയും പാക്കേജുകൊണ്ടു് സാധിച്ചെടുക്കേണ്ട സംവിധാനങ്ങളെയും ബാധിക്കും?

ഓരോഘട്ടങ്ങളിലും ഡാറ്റാ എന്‍ട്രിയില്‍ പാലിക്കേണ്ട വിശദാംശങ്ങള്‍ ഏവ? കുത്തിനും കോമയ്ക്കും പോലും സവിശേഷമായ പ്രാധാന്യമുണ്ടു്. മീര പിന്തുടരുന്ന കാറ്റലോഗിംഗ് പാറ്റേണിനെക്കുറിച്ചു് വ്യക്തമായ ധാരണകള്‍ ആവശ്യമാണു്.

2000 നു മുമ്പുള്ള മിക്കവാറും പുസ്തകങ്ങളുടെ കാറ്റലോഗ് വിവരങ്ങള്‍ ഏതാനും മൗസ് ക്ലിക്ക് കൊണ്ടു് ലഭ്യമാകുമ്പോള്‍, രണ്ടായിരത്തിനുശേഷമുള്ളതു് അടിച്ചുതന്നെ ചേര്‍ക്കണം. ഇതിനു് മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലുള്ള പരിചയം വേണം. ഹിന്ദിയും തമിഴുമൊക്കെ കൈകാര്യംചെയ്യാനും പ്രാപ്തികൈവരിക്കണം. കാറ്റലോഗിംഗ് പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണു് പുസ്തകങ്ങളുടെ വര്‍ഗ്ഗീകരണവും. ഡ്യൂവി ഡെസിമെല്‍ ക്ലാസ്സിഫിക്കേഷനിലെ (DDC) നാന്നൂറു് ക്ലാസ്സുകളിലായാണു് മലയാള ഗ്രന്ഥവിവരത്തിലെ 52,000 ഗ്രന്ഥങ്ങള്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്നതു്. ക്ലാസ്സിഫൈചെയ്തു് ക്രമീകരിച്ചിരിച്ചിട്ടുണ്ടെങ്കിലും ആട്ടോമേറ്റ് ചെയ്യാത്ത ഒരു ലൈബ്രറിയില്‍ അതിനാല്‍ എങ്ങനെയായിരിക്കണം മീരയിലെ DDCയോടുള്ള സമീപനം? സ്വന്തം ക്ലാസ്സിഫിക്കേഷനാണു് പിന്തുടരുന്നതെങ്കില്‍, ഡാറ്റാ എന്‍ട്രിയിലുള്ള വ്യതിയാനങ്ങള്‍ എങ്ങനെ? മീരയിലെ DDC യാണു് പിന്തുടരുന്നതെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? മീര DDCയുടെ പ്രത്യേകതകള്‍ എന്തൊക്കെ? അതില്‍ വന്നിട്ടുള്ള തെറ്റുകളെ എങ്ങനെ തിരുത്താം? മലയാളഗ്രന്ഥങ്ങളെ വര്‍ഗ്ഗീകരിക്കുന്നതുപോലെ എങ്ങനെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ വര്‍ഗ്ഗീകരിക്കാം?

മെമ്പര്‍ഷിപ്പും സര്‍ക്കുലേഷനും നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ഏതൊക്കെ?

ഇതിനൊക്കെ പുറമെയാണു് ലിനക്സ് കോണ്‍ഫിഗര്‍ ചെയ്തെടുക്കുന്ന പ്രശ്നങ്ങള്‍. ലിനക്സില്‍ നല്ല പരിചയമുള്ളവര്‍ക്കു് ഇതൊരു പ്രശ്നമല്ലായിരിക്കാം. വിന്‍ഡോസില്‍ കുടുങ്ങിക്കിടക്കുന്ന ഭൂരിപക്ഷം മലയാളികള്‍ക്കും ഇന്‍സ്റ്റലേഷന്‍ പ്രശ്നംതന്നെയായിരിക്കും.

മീരകൊണ്ടു് ഉദ്ദേശിക്കുന്നതു് വെറുമൊരു പാക്കേജ് എന്നതു മാത്രമല്ല. നമ്മുടെ അയ്യായിരത്തോളം വരുന്ന ഗ്രാമീണ വായനശാലകളില്‍ തൊണ്ണൂറുശതമാനവും ശാസ്ത്രീയമായി വര്‍ഗ്ഗീകരിക്കുകയോ കാറ്റലോഗ് ചെയ്യപ്പെട്ടവയോ അല്ല. ഇവയൊന്നും കൂടാതെ ഒരു ലൈബ്രറിയെ നവീകരിക്കാന്‍ സാധിക്കുകയുമില്ല. മീരയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിനു് ഒട്ടേറെ ക്രമീകരണങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മീര പ്രയോഗിക്കുന്നതിലൂടെ ഇത്തരം സംവിധാനങ്ങള്‍ എങ്ങനെ സ്വയം ഉല്പാദിപ്പിച്ചെടുക്കാം എന്നതു് മീരയുടെ ലക്ഷ്യമാണു്.

വായനശാലാ പ്രവര്‍ത്തകര്‍ മീര പ്രയോഗിക്കുന്നതിനുമുമ്പു്, സാധിച്ചെടുക്കേണ്ട സംവിധാനങ്ങളെക്കുറിച്ചു് വ്യക്തത കൈവരിക്കേണ്ടതുണ്ടു്. ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതും ബോദ്ധ്യപ്പെടേണ്ടതുമുണ്ടു്. മീരയുടെ ഇന്‍സ്റ്റലേഷനോടു് ബന്ധപ്പെട്ടു് ലൈബ്രറി സംവിധാനത്തിന്റെയും ക്രമീകരണത്തിന്റേയും എണ്ണമറ്റ പ്രശ്നങ്ങളുണ്ടു്. ബുക്ക് മാര്‍ക്ക് ഇടുന്നതില്‍ എത്ര അക്ഷരങ്ങള്‍ ഏതൊക്കെ വിഭാഗങ്ങളില്‍ ഉപയോഗിക്കണം? ഓരോ ലൈബ്രറിയിലും DDC വര്‍ഗ്ഗീകരണത്തെ മാനിക്കുമ്പോള്‍തന്നെ അതതു സാഹചര്യങ്ങള്‍ക്കനുസരിച്ചു് സവിശേഷമായ കളക്ഷനുകളെ എങ്ങനെ നിര്‍മ്മിച്ചെടുക്കാം?… നിരവധി സൂക്ഷ്മമായ കാര്യങ്ങളിലൂടെയാണു് ഒരു ലൈബ്രറി ശാസ്ത്രീയമായി ചിട്ടപ്പെടുന്നതു്. ഇതൊന്നും പരിഗണിക്കാതെയും പഠിക്കാതെയും മീര എടുത്തു് പ്രയോഗിക്കുന്നതിനോടു് എനിക്കു് എതിര്‍പ്പാണുള്ളത്.

അതുകൊണ്ടു് മീരയുടെ പ്രചരണവും ഇന്‍സ്റ്റലേഷനും ഏതുതരത്തിലാകണം?

എന്റെ മനസ്സിലുള്ള പദ്ധതി ഇപ്രകാരമാണു്.

ബ്ലോഗിലൂടെയും ഇമെയിലിലൂടെയും ആഗ്രഹം പ്രകടിപ്പിച്ച സുഹൃത്തുക്കളുടെ മേല്‍വിലാസങ്ങള്‍ കയ്യിലുണ്ടു്. അവരുടെ പ്രദേശങ്ങള്‍ ഗ്രൂപ്പുചെയ്തു് കേരളത്തില്‍ പലയിടങ്ങളിലായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കുക. സമീപപ്രദേശങ്ങളിലുള്ള ഗ്രാമീണ വായനശാലാ പ്രവര്‍ത്തകരേയും ഇതിലേക്കു ക്ഷണിക്കണം, പങ്കെടുപ്പിക്കണം. ഈ ശില്പശാലകളില്‍വെച്ചു് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി വിശദീകരിക്കാനും മീരയെ പ്രയോജനപ്പെടുത്തി എങ്ങനെ ഇവയൊക്കെ പരിഹരിക്കാനും കഴിയുമെന്നു് മുഖാമുഖം വിശദീകരിക്കാന്‍ കഴിയും. ലൈബ്രറിയന്മാരുടെ പ്രായോഗികതലത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ അറിയാനും ഉത്തരങ്ങള്‍ നല്കാനും ശില്പശാലകള്‍ വഴിയൊരുക്കും.

ശില്പശാലയ്ക്കുശേഷം, പങ്കെടുത്ത ഓരോ ലൈബ്രറിയിലുംചെന്നു് ഇന്‍സ്റ്റാള്‍ ചെയ്തുകൊടുക്കുന്ന പ്രവൃത്തിയും തുടര്‍ന്നു് നടത്തണം. ഓരോ ലൈബ്രറിയിലും വ്യത്യസ്തമായ, അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു് തീര്‍ച്ച. അതു് കേള്‍ക്കുകയും ഏതു വിധത്തിലാണു് മീര അവയെ കൈകാര്യം ചെയ്യുന്നതെന്നു് വിശദീകരിക്കുകയും വേണം. ഒരു ലൈബ്രറിക്കു് ഒരുദിവസമെങ്കിലും ഇതിനായി കണ്ടെത്തണം. ശില്പശാലയില്‍ ഒരുമിച്ചു കൂടിയിരുന്നു് മീരയെ പരിചയപ്പെടാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും കഴിയുന്നതുകൊണ്ടു് ഇന്‍സ്റ്റലേഷനും ഭാഷാസാങ്കേതികപഠനങ്ങളും മറ്റും എളുപ്പമാകുമെന്നു മാത്രം.

കോലഴി, തിരുന്നാവായ, കൊടകര – മൂന്നിടത്തെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടു്. എങ്ങനെയാണവ അവിടെ മുന്നേറുന്നതു്? എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടാകുന്നു? ഇവിടുത്തെ അനുഭവങ്ങളില്‍നിന്നു് മീരയെ കൂടുതല്‍ പരിഷ്കരിക്കാന്‍ അവസരം ലഭിക്കും. പുസ്തകങ്ങളുടെ കാറ്റലോഗിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സര്‍ക്കുലേഷന്‍ മോഡ്യൂളും പ്രയോഗിച്ചു് പരീക്ഷിക്കേണ്ടതായിട്ടുണ്ടു്. അതും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യപ്പെട്ടേക്കാം.

കഴിയുന്നത്ര കുറ്റമറ്റരീതിയില്‍ തന്നെയായിരിക്കണം തുടക്കത്തിലേ മീര പ്രചരിക്കേണ്ടതു്. ചെറിയ അപാകങ്ങള്‍പോലും അതിനെ തള്ളിക്കളയാനുള്ള പ്രചരണത്തിനു് തുടക്കമിടാം. ഒരൊറ്റ ദിവസംകൊണ്ടു് പഠിക്കാവുന്ന ഒരു പാക്കേജ് കയ്യില്‍ കിട്ടിയാല്‍ ഉടനടി ലൈബ്രറിയെ നേരെയാക്കിയെടുക്കാം എന്ന അപകടകരമായ ചിന്താഗതിയെ എങ്ങനെ നേരിടാം എന്നതാണു് ഇപ്പോഴത്തെ ഞങ്ങളുടെ പ്രശ്നം. ഉദാസീനമായ രീതിയില്‍ പ്രയോഗിക്കാനിടവന്നാല്‍ മീരയുടെ എല്ലാ സ്വപ്നങ്ങളും പാഴായിപ്പോകും.

ശില്പശാലകള്‍ നടത്താനും ഇന്‍സ്റ്റാള്‍ ചെയ്യാനും പ്രാപ്തിയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കണം. ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തണം. ഇത്തരമൊരു പ്രചരണ സംവിധാനമൊരുക്കാനുള്ള ഏറ്റവും ഫലപ്രദമായ ഏജന്‍സി നമ്മുടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തന്നെയാണു്. കൗണ്‍സിലിനെ ഇക്കാര്യം ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു് ഞങ്ങള്‍ തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ടു്.

നമ്മുടെ വിലപിടിച്ച ഗ്രാമീണ ഗ്രന്ഥപ്പുരകളെ ആധുനികവല്‍ക്കരിക്കാനും പുതുജീവന്‍ പകരാനുമുള്ള ഒരു ഒറ്റമൂലിയല്ല മീര. വേണ്ടവിധത്തില്‍ പ്രയോഗിച്ചാല്‍ നവീകരണങ്ങള്‍ക്കു് ശ്രദ്ധേയമായ തുടക്കങ്ങള്‍ നല്കാന്‍ അതിനുകഴിയും.

എളുപ്പത്തില്‍ ഇതു് നേടിയെടുക്കാം എന്ന അലസമനോഭാവക്കാരെ അതുകൊണ്ടു് തുടക്കത്തിലെങ്കിലും ഒഴിവാക്കേണ്ടതു് ആവശ്യമാണു്.

പലപ്രദേശങ്ങളിലെ ലൈബ്രറികളില്‍നിന്നു കിട്ടുന്ന വിലപ്പെട്ട അനുഭവങ്ങളെ ക്രോഡീകരിച്ചു് ഒരു മാനുവല്‍ / പഠനസഹായി ഉണ്ടാക്കിയെടുക്കുകയും വേണം. പി.പി. രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചതുപോലെ ശില്പശാലകള്‍ നടക്കുമ്പോഴുള്ള ക്ലാസ്സുകള്‍ വീഡിയോ ചിത്രീകരണംചെയ്യുന്നതും സൈറ്റിലിടുന്നതും പന്നീടുള്ള ഇന്‍സ്റ്റലേഷനുകള്‍ക്കു് പ്രയോജനംചെയ്യും.

ഒന്നോരണ്ടോ വര്‍ഷത്തെ പ്രചരണംകൊണ്ടു് ഇപ്പോള്‍ പല സുഹൃത്തുക്കളും ആഗ്രഹിക്കുന്നതുപോലെ സ്വന്തമായി പാക്കേജ് ഡൗണ്‍ലോഡ് ചെയ്തു് ലൈബ്രറികളില്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനമൊരുക്കുന്ന ഒരു സ്ഥിതി ഉണ്ടാവുകയാണെങ്കില്‍, മീരയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടും.

മീരLMS

കേരളത്തിലെ ഗ്രാമീണ വായനശാലകളെ നവീകരിക്കാനായി ലളിതമായ ഒരു കമ്പ്യൂട്ടറൈസ്ഡ് മാനേജ്‌മെന്റ് സിസ്റ്റം ആവിഷ്കരിക്കുക എന്നതു് വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണു്. കോഹ, യുനെസ്കോയുടെ എബിസിഡി മുതലായ സമഗ്രമായ ലൈബ്രറി പാക്കേജുകള്‍ സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സായി ഇന്നു് ലഭ്യമാണു്. ഈ രംഗത്തെ ലോകത്തിലെ മികച്ച പ്രോഗ്രാമുകളാണിവ. ഐടിയിലും ലൈബ്രറിസയന്‍സിലുമുള്ള പ്രൊഫഷണലുകള്‍ക്കു് ഇവ പഠിക്കാനും പ്രായോഗിക്കാനും കഴിയുന്നുണ്ടു്. ആയിരക്കണക്കിനുവരുന്ന ഗ്രാമീണ വായനശാലയില്‍ ഇതു് ഇന്‍സ്റ്റാള്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും പ്രയാസംവരും. ചുരുങ്ങിയ സമയംകൊണ്ടു് പഠിക്കാനും പ്രായോഗികമാക്കാനും കഴിയുന്ന ഒരു സിസ്റ്റമാണു് മീര രൂപകല്പനചെയ്യുമ്പോള്‍ ഞങ്ങളുടെ മനസ്സിലുള്ളതു്.

മലയാളഗ്രന്ഥവിവരം

രണ്ടായിരാമാണ്ടുവരെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച 52,000 പുസ്തകങ്ങളുടെ ഒരു ബൃഹത് ബിബ്ലിയോഗ്രാഫി 2009 ല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (www.malayalagrandham.com). ‘മലയാളഗ്രന്ഥവിവര’ത്തിന്റെ ക്രോഡീകരണത്തിനു് പ്രധാനമായും വഴിവെച്ചതു് ശ്രീ. കെ.എം. ഗോവിയുടെ ശ്രമഫലമായുണ്ടായ മലയാളഗ്രന്ഥസൂചിയാണു് (കേരളസാഹിത്യ അക്കാദമി). 2003 ല്‍ ഡോ. ആര്‍ . രാമന്‍നായരും ഞാനും ചേര്‍ന്നുണ്ടാക്കിയ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ 22,000 ത്തോളംവരുന്ന മലയാളഗ്രന്ഥങ്ങളുടെ കാറ്റലോഗും ഇതിനു സഹായകമായിത്തീര്‍ന്നു.

ലൈബ്രറിയിലെ കാറ്റലോഗു് നിര്‍മ്മിതിക്കു് വിവരങ്ങള്‍ അടിച്ചുചേര്‍ക്കുമ്പോള്‍ ഭൂരിപക്ഷം ഡാറ്റകളും ‘മലയാളഗ്രന്ഥ’ത്തില്‍നിന്നും കിട്ടത്തക്കവിധമാണു് മീരLMS സംവിധാനം ചെയ്തിരിക്കുന്നതു്. അതുകൊണ്ടു് ഡാറ്റ എന്‍ട്രിക്കുവേണ്ട സമയം ഗണ്യമായി കുറയുന്നു.

ബഹുഭാഷാഗ്രന്ഥങ്ങളും യൂണികോഡും

കേരളത്തിലെ ഒരു ചെറിയ വായനശാലപോലും ബഹുഭാഷാഗ്രന്ഥങ്ങള്‍കൊണ്ടു് സമ്പന്നമാണു്. ചുരുങ്ങിയതു് ഏഴുഭാഷകളിലുള്ള ഗ്രന്ഥങ്ങളെങ്കിലുമുണ്ടു് നമ്മുടെ ഗ്രാമീണവായനശാലകളില്‍‍ . മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട. അറബി, ഉര്‍ദു, പോരാത്തതിനു് മലബാര്‍ പ്രദേശത്തു് അറബി മലയാളവും! ഇന്നും നമ്മുടെ വലിയ ഗ്രന്ഥശാലകളില്‍ (യൂണിവേഴ്‌സിറ്റി ലൈബ്രറികളിലും സ്‌റ്റേറ്റു് സെന്‍ട്രല്‍ ലൈബ്രറിയിലുമൊക്കെ) കമ്പ്യൂട്ടര്‍ കാറ്റലോഗില്‍ എം.ടി. യുടെ മഞ്ഞു് MANJU എന്നാണു്! അത്യന്തം ശോചനീയമായ ഈയൊരവസ്ഥ മാറണം. ആണവ ചില്ലുകള്‍ പോലെയുള്ള ദുരന്തങ്ങളുണ്ടെങ്കിലും, യൂണികോഡിലധിഷ്ഠിതമായ ഇന്നത്തെ മലയാളഭാഷാസാങ്കേതികത നമ്മുടെ ലിപിയില്‍ത്തന്നെ ഗ്രന്ഥവിവരവ്യവസ്ഥകളുണ്ടാക്കാനും വിവരാന്വേഷണം നടത്താനും പ്രാപ്തമാണെന്നു് തെളിയിക്കപ്പെട്ടിട്ടുണ്ടു് (നിത്യ, 2006). ഈയൊരു സാങ്കേതികതയിലാണു് മീരLMS പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതു്. മുകളില്‍പറഞ്ഞ ഏഴുഭാഷകളെ നേരിട്ടു് കസ്റ്റമൈസ് ചെയ്തിട്ടുമുണ്ടു്. അതുകൊണ്ടു് ഏതുഭാഷയിലുള്ള പുസ്തകങ്ങളുടെയും കാറ്റലോഗു് അതതു സ്ക്രിപ്റ്റുപയോഗിച്ചു് നിര്‍മ്മിക്കാനും വിവരാന്വേഷണം നടത്താനും കഴിയും.

കോഹയും ഇ-ഗ്രന്ഥാലയവും

ഗ്രാമീണ വായനശാലകളുടെ കമ്പ്യൂട്ടറൈസേഷനുവേണ്ടി NIC യുമായി സഹകരിച്ചു് ലൈബ്രറി കൗണ്‍സില്‍ ‘ഇ-ഗ്രന്ഥാലയ’ എന്നൊരു പ്രോഗ്രാം നടപ്പിലാക്കിവരുന്നുണ്ടു്. ബഹുഭാഷാപ്രാപ്തിയുള്ള, യൂണികോഡിലധിഷ്ഠിതമായ, കോഹ പോലെയുള്ള ഒരു സമഗ്രപാക്കേജാണു് ഇ-ഗ്രന്ഥാലയ എന്നു് പറഞ്ഞുകേള്‍ക്കുന്നു. സമഗ്രമായ (ILMS – Integrated Library Management System) പാക്കേജുകള്‍ ഗ്രാമീണവായനശാലകളില്‍ എത്രമാത്രം പ്രായോഗികമാണെന്നതാണു് പ്രശ്‌നം. കോഹയും ഇ-ഗ്രന്ഥാലയവുമൊക്കെ ചെറുതാക്കി കസ്റ്റമൈറൈസു് ചെയ്താല്‍ അത്യന്തം ഉപകാരപ്രദമായിരിക്കും. ഒരു ‘മെലിഞ്ഞ കോഹ’ യെക്കുറിച്ചു് വി.കെ. ആദര്‍ശ് പറഞ്ഞതു് ഓര്‍ക്കുമല്ലോ. (DAKF Discussion)

അടിസ്ഥാന മൊഡ്യൂളുകള്‍

മീരLMS ല്‍ ഒരു കൊച്ചു ലൈബ്രറിക്കാവശ്യമായ അത്യാവശ്യം മൊഡ്യൂളുകളേയുള്ളൂ.

1. കാറ്റലോഗു് നിര്‍മ്മാണം. ഇതില്‍ ‘മലയാളഗ്രന്ഥ’ത്തില്‍നിന്നു് പകര്‍ത്തിയെടുക്കുന്നതും ഉള്‍‍പ്പെടും (Copycat).
2. കാറ്റലോഗു് സെര്‍ച്ചു്/ വിവരാന്വേഷണം.
3. സര്‍ക്കുലേഷന്‍ . പുസ്തകം കൊടുക്കുന്നതും മടക്കിയെടുക്കുന്നതും (Issue and Return) ഇതിലാണു്.

വലിയ പബ്ലിക് ലൈബ്രറികളൊഴിച്ചു നിര്‍ത്തിയാല്‍ ആയിരക്കണക്കിനുവരുന്ന ഗ്രാമീണ ലൈബ്രറികളില്‍ ഈ അടിസ്ഥാനമൊഡ്യൂളുകളുടെ ആവശ്യമേയുള്ളൂ. വലിയ നെറ്റ്‌വര്‍ക്കുള്ള പബ്ലിക് ലൈബ്രറികളില്‍ കോഹയായിരിക്കും സമുചിതം. അവിടുത്തെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്കു് മീരLMS പ്രാപ്തമായിരിക്കില്ല.

മലയാള വര്‍ഗ്ഗീകരണം

‘മലയാള ഗ്രന്ഥവിവര’ത്തിലെ 52,000 ഗ്രന്ഥങ്ങള്‍ 400 ഡി.ഡി.സി (Dewy Decimal Classification) ക്ലാസ്സുകളിലായി വര്‍ഗ്ഗീകരിച്ചിട്ടുണ്ടു്. മലയാളത്തിനു മാത്രമായി ചില ക്ലാസ്സുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. ഉദാഹരണത്തിനു്, കേരളചരിത്രത്തില്‍ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി മുതലായവ. മലയാള കവിതയില്‍ ആട്ടക്കഥ, മണിപ്രവാളം, മാപ്പിളപ്പാട്ടു്, നാടക-സിനിമഗാനങ്ങള്‍ എന്നിങ്ങനെ. മലയാളസാഹിത്യത്തിനു് ഡോ. പി. പവിത്രന്‍ പുതിയ ക്ലാസ്സുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. കേരള യൂണിവേഴ്‌സ്റ്റിയിലെ ലൈബ്രറി സയന്‍സു് വിഭാഗത്തിലെ റീഡര്‍ ശ്രീ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുണ്ടാക്കിയ മലയാളം DDC അടിസ്ഥാനമാക്കിയാണു് മീരLMS ലെ ക്ലാസ്സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നതു്. മീരLMS കുറച്ചിടങ്ങളില്‍ ഇന്‍സ്റ്റാള്‍ചെയ്തു് പ്രവര്‍ത്തിക്കുന്നതോടെ മലയാളത്തിന്റെ DDC വര്‍ഗ്ഗീകരണത്തിനു് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. അമ്പത്തിരണ്ടായിരം പുസ്തകങ്ങള്‍ വര്‍ഗ്ഗീകരിക്കുന്നതില്‍ എനിക്കു പറ്റിയ തെറ്റുകള്‍ തിരുത്താനും അതു് ഇടയാക്കും. മലയാളം DDC യുടെ സമഗ്രമായ ഒരു ക്രോഡീകരണത്തിനു് നേതൃത്വം നല്കാന്‍ ശ്രീമതി ലളിതാലെനിന്‍ സമ്മതിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രവര്‍ത്തനത്തില്‍ മലയാള ഐക്യവേദിയുടെ സജീവമായ പങ്കാളിത്തം പവിത്രന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടു്.

ലിനക്സ് പ്രവര്‍ത്തകം

മീര പ്രോഗ്രാം ചെയ്തിരിക്കുന്നതു് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു്. ഇതിനെക്കുറിച്ചറിഞ്ഞ പലസുഹൃത്തുക്കളും മൈക്രോസോഫ്റ്റ് വിന്‍ഡോസിലും മീര ലഭ്യമാക്കാന്‍ എന്നോടു് ആവശ്യപ്പെടുകയുണ്ടായി. മീര ലിനക്സില്‍തന്നെ ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തിനു് പല കാരണങ്ങളുണ്ടു്. വിന്‍ഡോസിനെ ‘വിശ്വസിക്കാന്‍ ‘ കൊള്ളില്ല എന്നുള്ളതാണു് പ്രധാനകാരണം. എപ്പോഴാണു് വൈറസു് ആക്രമണം ഉണ്ടാകുന്നതു്, എപ്പോഴാണു് ഹാര്‍ഡ് ഡിസ്ക് പൂര്‍ണ്ണമായും ഫോര്‍മാറ്റ് ചെയ്യേണ്ടിവരിക – ഇതൊക്കെ വലിയ തലവേദനകളാണു്. പ്രത്യേക പ്ലഗ്ഗിനുകള്‍ കണ്ടെത്തി ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വൈദഗ്ദ്ധ്യം ആവശ്യമായിവരുമെങ്കിലും, ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുറഞ്ഞ പരിചരണമേ (മെയിന്റനന്‍സ്/ റിപ്പയറിംഗ്) പിന്നീടു് വേണ്ടൂ. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്കു് ഇന്നത്തെനിലയ്ക്കു് നേരാംവണ്ണം മൂന്നുവര്‍ഷമേ പുതിയൊരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ. അപ്പോഴേക്കും പുതിയ വിന്‍ഡോസ് വന്നു് നാമുപയോഗിക്കുന്നതൊക്കെ ‘പഴഞ്ച’നായിത്തീരുന്നു. ലിനക്സില്‍ ഇതു് സംഭവിക്കുന്നില്ല. ചുരുങ്ങിയതു് പത്തുവര്‍ഷമെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടര്‍ അറ്റകുറ്റങ്ങളില്ലാതെ ഉപയോഗിക്കാം. ഗ്രാമീണ വായനശാലകള്‍ക്കു് ലിനക്സ് സാമ്പത്തികഭാരങ്ങളുണ്ടാക്കുന്നില്ല എന്നതു് ശ്രദ്ധേയമാണു്.

ഗ്രാമങ്ങളില്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സന്ദേശങ്ങളും പ്രയോഗങ്ങളും എത്തിക്കുകയെന്നതു് മീരയുടെ ഒരു ലക്ഷ്യമാണു്. മീര സൗജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്. മീരയുടെ എല്ലാ ഡാറ്റാബേസുകളും (ബുക് ടേബിള്‍ , മെമ്പര്‍ ടേബിള്‍ , ട്രാന്‍സാക്‌ഷന്‍ ടേബിള്‍ , DDC ടേബിള്‍ മുതലായവ) ‘ഓപ്പണ്‍ ‘ ആണു്. മീര യൂണികോഡ് ഫോണ്ടും ‘മലയാളഗ്രന്ഥവിവര’വും GNU-GPL ലാണു് പ്രസാധനം ചെയ്യപ്പെട്ടിരിക്കുന്നതു്. അതിനാല്‍ ഭാവിയില്‍ മീരയേക്കാള്‍ സമുചിതമായ ഒരു പാക്കേജിലേക്കു്, ഉദാഹരണത്തിനു് കോഹയിലേക്കു്, മാറാന്‍ /മൈഗ്രേറ്റ് ചെയ്യാന്‍ യാതൊരു പ്രതിബന്ധവുമുണ്ടാകുന്നില്ല. മീരയുടെ ഡാറ്റാ നിര്‍വ്വചനത്തില്‍നിന്നും കോഹയുടെ മാര്‍ക്ക് 2 വിലേക്കു് പരിവര്‍ത്തനം ചെയ്യാന്‍ ലളിതമായൊരു പ്രോഗ്രാം മതിയാകും. മീരLMS ന്റെ ഡിബഗ്ഗിംഗ് പൂര്‍ത്തിയാകുകയും എന്റെ മനസ്സിലുള്ളതുപോലെ മറ്റുചില പ്രവര്‍ത്തനങ്ങള്‍കൂടി ചേര്‍ക്കുകയും ചെയ്തുകഴിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ലൈസന്‍സില്‍ പ്രചരിക്കപ്പെടുകയും ചെയ്യും.

വായനശാലകളുടെ പുനരുദ്ധാരണം

കേരളനവോത്ഥാനത്തിലെ പ്രകാശപൂര്‍ണ്ണമായ ഒരേടാണു് ശ്രീ. പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ 1945ല്‍ ആരംഭിച്ച ഗ്രന്ഥശാലാപ്രസ്ഥാനം. അയ്യായിരത്തിലേറെ ഗ്രാമീണ ലൈബ്രറികളാണു് ഇന്നു് കേരളത്തിലുള്ളതു്.  ഈയൊരു സാംസ്കാരികസമ്പന്നത ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനാണു് അവകാശപ്പെടാന്‍ കഴിയുക? ലൈബ്രറി നികുതിയില്‍നിന്നും സമാഹരിക്കപ്പെടുന്ന വമ്പിച്ച സമ്പത്തും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വവുമൊക്കെയുണ്ടെങ്കിലും ഇന്നത്തെനിലയ്ക്കു് പോകുകയാണെങ്കില്‍ അടുത്ത പത്തുവര്‍ഷത്തിനകം ഭൂരിപക്ഷം ഗ്രാമീണവായനശാലകളും നാമാവശേഷമാകും. നൂറും ഇരുനൂറും കൊടുക്കല്‍ – വാങ്ങല്‍ ദിനംപ്രതിയുണ്ടായിരുന്ന ഗ്രാമീണവായനശാലകളില്‍ ഇന്നു് വൈകുന്നേരങ്ങളില്‍ പത്തുപേര്‍പോലും വന്നു് പുസ്തകം എടുത്തുകൊണ്ടുപോകുന്നില്ല. സാങ്കേതികതയില്‍ വന്ന വമ്പിച്ചമാറ്റങ്ങള്‍ വായനയ്ക്കുമേല്‍ ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയാക്കിയിരിക്കുന്നു. പുതിയ വിദ്യാഭ്യാസത്തില്‍ എന്‍ട്രന്‍സു് പരീക്ഷകള്‍ക്കു വേണ്ടിയുള്ള അധികവായന കുട്ടികളുടെ വൈകുന്നേരങ്ങള്‍ ഇല്ലാതാക്കുകയാണു്. മലയാള ലിപിപരിഷ്കരണംമൂലം പുതിയതലമുറയുടെ വായനയിലും എഴുത്തിലും ഒട്ടേറെ സന്നിഗ്ദ്ധതകളും അവ്യവസ്ഥകളും ഉണ്ടായിട്ടുണ്ടു്. ഗ്രാമീണവായനശാലകളുടെയും വായനകളുടേയും ഇന്നത്തെ ദുരവസ്ഥയ്ക്കു് ഇങ്ങനെ പലകാരണങ്ങളുമുണ്ടു്. വിവരവിനിമയ സാങ്കേതികതയുപയോഗിച്ചു് ലൈബ്രറികളിലെ വിജ്ഞാനസമ്പത്തു് ക്രമീകരിക്കുകയും വിതരണംചെയ്യുകയുമെന്നതു് ഇനിയുള്ള പുനരുദ്ധാരണത്തിന്റെ ആദ്യപടിയായിത്തന്നെ കണക്കാക്കണം. കേരളസര്‍ക്കാരും ലൈബ്രറി കൗണ്‍സിലും ഇക്കാര്യം തിരിച്ചറിഞ്ഞു് പലപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കയ്യെടുത്തിട്ടുണ്ടു്. ‘ഇ-ഗ്രന്ഥാലയ’ സമുചിതമായൊരു കാല്‍വെയ്പാണു്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനായി കേരളത്തിലെ ലൈബ്രറികളുടെ ഔദ്യോഗിക സോഫ്റ്റ് വെയറായി കോഹയെ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് കേരളസര്‍ക്കാര്‍ വിജ്ഞാപനപ്പെടുത്തിയിട്ടുണ്ടെന്നാണു് എന്റെ ഓര്‍മ്മ. (മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ശ്രീ ജോസഫ് മാത്യു, അരുണ്‍ , അനിവര്‍ അരവിന്ദു് എന്നിവരുടെ ശ്രമഫലമായാണു് ഇതുണ്ടായതു്). പല വായനശാലകള്‍ക്കും ഇതിനായി കമ്പ്യൂട്ടറുകള്‍ വാങ്ങിക്കൊടുത്തിട്ടുമുണ്ടു്. പലയിടത്തും അതൊക്കെ വേണ്ടുംവണ്ണം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗ്രാമീണ വിവരകേന്ദ്രങ്ങള്‍

നവീന വിവര-വിനിമയ സാങ്കേതികകളുടെ പ്രയോഗങ്ങള്‍ വായനശാലകളില്‍ എത്തിപ്പെടുന്നതോടെ യുവതലമുറ ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യതകളുണ്ടു്. ഗ്രന്ഥാലയങ്ങളെ ഗ്രാമീണ വിവരകേന്ദ്രങ്ങളാക്കി (Village Information Centre) മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതു് വഴിയൊരുക്കും. ഉദാഹരണത്തിനു്, ഓരോ ഗ്രാമത്തിനും പ്രത്യേകമായുള്ള നാട്ടറിവുകളുടെ സമാഹരണം. ഇതു് ഏതു വിഷയത്തിലുമാകാം – കൃഷി, ഒറ്റമൂലി, പഴഞ്ചൊല്ലുകള്‍ , പ്രത്യേക പദങ്ങള്‍ , സ്ഥലനാമങ്ങളും ചരിത്രവും…. ഇതൊക്കെ ശേഖരിച്ചു് അടിച്ചുചേര്‍ക്കാനുള്ള ഒരു മൊഡ്യൂള്‍ എന്റെ മനസ്സിലുണ്ടു്. ഇത്തരം ICT പ്രവര്‍ത്തനങ്ങളില്‍ ഗ്രാമത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രാമീണവായനശാലയിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ പുസ്തകങ്ങളിലേക്കു് ഒരുപക്ഷെ അടുപ്പിക്കാന്‍ കഴിഞ്ഞേക്കാം. കുട്ടികള്‍ക്കു് പാഠപുസ്തകങ്ങളില്‍നിന്നു് വേറിട്ടൊരു വായനാശീലമുണ്ടാകുന്നതിലൂടെ ഗ്രാമീണവായനശാലകള്‍ക്കു് പുതിയൊരു മുഖം കൈവരും. ഇതൊക്കെ സ്വപ്നങ്ങളാണു്.

കോലഴിയും തിരുന്നാവായും

മീരLMS ന്റെ ആദ്യത്തെ ഇന്‍സ്റ്റലേഷന്‍ 2010 ഒക്ടോബര്‍ 10 നു് ഞായറാഴ്ച കോലഴി ഗ്രാമീണ വായനശാലയില്‍ നടന്നു. ‘മാധ്യമം’ ദിനപത്രത്തില്‍ പിറ്റെ ദിവസം വന്ന വാര്‍ത്ത:

ഗ്രാമീണ വായനശാലകളുടെ മുഖം മാറ്റി ‘മീര’ യാത്ര തുടങ്ങി.

തൃശൂര്‍ : ഗ്രാമീണ വായനശാലകളുടെ അലകും പിടിയും മാറ്റുന്ന നൂതന കമ്പ്യൂട്ടര്‍വത്കരണ പദ്ധതിക്കു് തൃശൂരില്‍ തുടക്കം. ഗ്രാമീണവായനശാലകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച മീര ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റമാണു് (എല്‍ .എം. എസ്) ഗ്രാമങ്ങളിലേക്കു് യാത്ര തുടങ്ങിയതു്. തൃശൂര്‍ നഗരത്തിനടുത്ത കോലഴി ഗ്രാമീണ വായനശാലയില്‍ മീര ഞായറാഴ്ച ഇന്‍സ്റ്റാള്‍ ചെയ്തു. തിരുനാവായ ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസില്‍ ഇതു് തിങ്കളാഴ്ച നിലവില്‍ വരും. സംസ്ഥാനത്തു് ആദ്യമായാണു് ഒരു ഗ്രാമീണവായനശാലയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതു്.

ലിനക്സ് ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ‘മീര’ പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിലെ അസി. ലൈബ്രേറിയന്‍ കെ.എച്ചു് . ഹുസൈനാണു് രൂപകല്‍പന ചെയ്തിരിക്കുന്നതു്. ലിനക്സ് വിദഗ്ദ്ധരായ കെ.പി.എന്‍ ഉണ്ണിയും ആര്‍. രാകേഷുമാണു് ഇതിന്റെ പ്രോഗ്രാം നിര്‍വ്വഹിച്ചതു്. യൂനികോഡിനനുസൃതമായി രൂപകല്‍പനചെയ്ത ‘മീര’ വഴി മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നട, അറബിക്, ഉര്‍ദു ഭാഷകളിലെ പുസ്തകങ്ങളുടെ ഇലക്ട്രോണിക് കാറ്റലോഗു് അതതു ലിപിയുപയോഗിച്ചു് ഉണ്ടാക്കാന്‍ കഴിയും. ഇതുവഴി പുസ്തകങ്ങളുടെ വിവരാന്വേഷണവും വിതരണവും സുഗമമാക്കാം.

മലയാളത്തില്‍ പ്രസിദ്ധീകരിച്ച 52,000 പുസ്തകങ്ങളുടെ ശേഖരമായ http://www.malayalagrandham.com വെബ്‌സൈറ്റുമായി നേരിട്ടു് ബന്ധിപ്പിച്ചതിനാല്‍ മീരയില്‍ കാറ്റലോഗു് നിര്‍മ്മിതി വളരെ എളുപ്പമാണു്. വെബ്‌സൈറ്റിലെ എല്ലാ ഗ്രന്ഥങ്ങളും ശാസ്ത്രീയമായി 400 വിഭാഗങ്ങളില്‍ (ഡി.ഡി.സി / ഡ്യൂവി ഡെസിമല്‍ ക്ലാസിഫിക്കേഷന്‍ ) വര്‍ഗ്ഗീകരിച്ചിരിക്കുന്നതിനാല്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാകുന്നതോടെ ലൈബ്രറി ആധുനികമായി സംവിധാനം ചെയ്യപ്പെടും. ലിനക്സ് പ്ലാറ്റ്‌ഫോമില്‍ സ്വതന്ത്രമായാണു് മീര സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതു്. രണ്ടു് മണിക്കൂര്‍കൊണ്ടു് ഇന്‍സ്റ്റലേഷനും പഠനവും പൂര്‍ത്തിയാക്കാനാവും. അഞ്ച് ലക്ഷം പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടു്.

1951 ല്‍ ആരംഭിച്ച കോലഴി വായനശാലയില്‍ ഇപ്പോള്‍ 15,000 ത്തോളം ഗ്രന്ഥങ്ങളും അഞ്ഞൂറിലേറെ അംഗങ്ങളും ഉണ്ടു്. ലൈബ്രറി ഭാരവാഹികളായ ഉണ്ണി, അജിതന്‍ , സവിത, മുരളി, ആന്റണി, ബാലചന്ദ്രന്‍ , സുലോചന എന്നിവരാണു് ഇതിനു് മുന്‍കൈയെടുത്തത്.

അടുത്ത ദിവസം, പത്രക്കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ തിരുന്നാവായ ശ്രീശങ്കരാ യൂണിവേഴ്‌സിറ്റി ഓഫ് കാമ്പസിലെ ലൈബ്രറിയില്‍ മീരയുടെ രണ്ടാമത്തെ ഇന്‍സ്റ്റലേഷന്‍ നടന്നു. കോലഴിയിലേതു് ഒരു ‘തനി’ ഗ്രാമീണ വായനശാലയാണു്. പതിനായിരം പുസ്തകങ്ങളുണ്ടെങ്കിലും അധിക വായനയും ഡിറ്റക്ടീവു് നോവലുകളാണു്. ജനപ്രിയതയുടെ കാര്യത്തില്‍ എം.ടി. യും ബഷീറുമുണ്ടു്. എന്നാല്‍ തിരുന്നാവായയിലെ ലൈബ്രറി വ്യത്യസ്തമാണു്. 12,000 പുസ്തകങ്ങളെയുള്ളുവെങ്കിലും കേരളത്തിലെ ഏറ്റവും ‘കനപ്പെട്ട’ ഒരു അക്കാദമിക് ലൈബ്രറിയാണിതു്. മലയാളസാഹിത്യത്തിന്റെ ഏറ്റവും ഗൗരവപൂര്‍ണ്ണമായ ഒരു ശേഖരമാണിതു്. ഇംഗ്ലീഷ് ഗ്രന്ഥങ്ങളും അതേപോലെതന്നെ. ഡോ. പവിത്രനും മലയാളവകുപ്പു് മേധാവി ഡോ. സുഷമയുമാണു് മീരLMS ഉപയോഗിച്ചുള്ള ലൈബ്രറി കമ്പ്യൂട്ടറൈസേഷനു് നേതൃത്വം കൊടുക്കുന്നതു്. കൂടെ മലയാളം വിദ്യാര്‍ത്ഥികളും ഉത്സാഹത്തോടെയുണ്ടു്. ഓരോ ഗ്രന്ഥത്തിന്റെയും വിപുലമായ ‘കുറിപ്പുകള്‍ ‘ വിദ്യാര്‍ത്ഥികളെക്കൊണ്ട് തയ്യാറാക്കി മീരയുടെ Note ല്‍ അടിച്ചുചേര്‍ക്കാനുള്ള പദ്ധതിക്കു് തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിലൂടെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ മലയാളഭാഷാസാങ്കേതികതയുമായി നേരിട്ടു് പരിചയപ്പെടാനിടവരും.

കൊടകര പഞ്ചായത്തു് കേന്ദ്രവായനശാലയിലാണു് മീരLMS ന്റെ മൂന്നാമത്തെ ഇന്‍സ്റ്റലേഷന്‍ . യുവകവി ജയന്‍ അവണൂരാണു് ഇവിടെ നേതൃത്വം നല്കുന്നതു്. കേരളത്തിലെ ഗ്രാമീണ വായനശാലകളിലെ കമ്പ്യൂട്ടറൈസേഷനു് വിലപ്പെട്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ജയനു കഴിയും.

സ്കൂള്‍ , കോളേജ് ലൈബ്രറികള്‍

മീരയുടെ ഇന്‍സ്റ്റലേഷനു പറ്റിയ ഇടങ്ങളാണിതു്. കേരളത്തിലെ പ്രശസ്തമായ ഗവണ്‍മെന്റ് ആര്‍ട്‌സു് ആന്റ് സയന്‍സ് കോളേജുകളിലെ ലൈബ്രറികളിലെ അവസ്ഥ പരിതാപകരമാണു്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജും കൊച്ചിയിലെ മഹാരാജാസ് കോളേജുമൊക്കെ ഇതില്‍ പെടും. തുണികൊണ്ടു മൂടി മൂലയില്‍ അനക്കാതെവച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടറിനെ നാലഞ്ചു് വര്‍ഷങ്ങള്‍ക്കുമുമ്പു് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജു് ലൈബ്രറിയില്‍ ഞാന്‍ കാണുകയുണ്ടായി. മറിച്ചു്, കേരളത്തിലെ മാനേജ്‌മെന്റ് കോളേജുകള്‍ കമ്പ്യൂട്ടറൈസേഷന്റെ കാര്യത്തില്‍ വളരെ മുന്നോട്ടുപോയിട്ടുണ്ടു്. നാലഞ്ച് ലക്ഷം രൂപയെങ്കിലും ചിലവഴിച്ചു് വര്‍ഷങ്ങള്‍ക്കുമുമ്പേ മിക്കയിടത്തും ലൈബ്രറി കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയിരിക്കുന്നു. അതിനുള്ള മെച്ചങ്ങളും അവര്‍ക്കുണ്ടായിട്ടുണ്ടു്. പല മാനേജ്‌മെന്റ് കോളേജുകളും യുജിസിയുടെ വലിയ സ്റ്റാര്‍ പദവികള്‍ നേടിയിരിക്കുന്നു. ലൈബ്രറികളുടെ ആധുനികവല്‍ക്കരണം ഈ പദവികള്‍ നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

ലിനക്സും മീരയും ‘ചെലവില്ലാത്ത’തായതിനാല്‍ സര്‍ക്കാര്‍ സ്കൂള്‍ , കോളേജ് ലൈബ്രറികളില്‍ എളുപ്പം പ്രയോഗിക്കാവുന്നതേയുള്ളൂ. കാറ്റലോഗു് നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതു് മലയാളഭാഷയോടും ഭാഷാസാങ്കേതികതയോടും, സര്‍വ്വോപരി നമ്മുടെ ഗ്രന്ഥസമുച്ചയത്തോടും പുതിയതലമുറയെ അടുപ്പിക്കാന്‍ ഇടവരുത്തും. ‘തിരുന്നാവായ അനുഭവം’ ഇതു് ബലപ്പെടുത്തുന്നു.

അണിയറ ശില്പികള്‍

2006ലാണു് മീരLMS ന്റെ പ്രോഗ്രാമിംഗ് ഞാന്‍ തുടങ്ങിയതു്. വിന്‍ഡോസിലായിരുന്നു പ്രവര്‍ത്തനം. 2008 ല്‍ ഏതാണ്ടു് പൂര്‍ത്തീകരിക്കുകയും ആദ്യ ഇന്‍സ്റ്റലേഷന്‍ നടത്തുകയും ചെയ്തു. പിന്നീടതു് മുന്നോട്ടുകൊണ്ടുപോകാനായില്ല. 2008 ല്‍ കെ.പി.എന്‍ ഉണ്ണിയുമായി പരിചയപ്പെടാനിടയായി. ലിനക്സിലുള്ള മീരയുടെ തുടക്കം അങ്ങനെയാണു്. ഉണ്ണിയുടെ നേതൃത്വത്തിലുള്ള ‘ക്രിയത’യിലെ എല്ലാവരും മീരയുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാണു്. ആര്‍ . രാകേഷ് ആണു് പ്രധാനമായും കോഡിംഗ് നിര്‍വ്വഹിക്കുന്നതു്. ഹരി, നവീന്‍ , നിതീഷ്, യോഗേഷ്  എന്നിവര്‍ മീരയോടൊപ്പം ഉണ്ടു്. വേതനങ്ങളൊന്നും പറ്റാതെയാണു് ഈ കുട്ടികള്‍ മീരയെ വളര്‍ത്തിയെടുക്കുന്നതു്.

നാലഞ്ചുവര്‍ഷത്തെ ശ്രമഫലമായാണു് ‘മലയാളഗ്രന്ഥവിവരം’ യൂണിക്കോഡില്‍ തയ്യാറാക്കിയതു്. അതിനു് സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ഒരുക്കിത്തന്നവര്‍ ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്‌സിന്റെ സാരഥിയായ ശ്രീ. പി.എം. അബ്ദുല്‍ഖാദര്‍ , സെന്റര്‍ ഫോര്‍ സൗത്തു് ഇന്ത്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ആര്‍ . രാമന്‍നായര്‍ , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് (SMC) നു് നേതൃത്വം നല്‍കുന്ന ശ്രീ. അനിവര്‍ അരവിന്ദ് എന്നിവരാണു്. വിമര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളുമായി ഡോ. മാമ്മന്‍ ചുണ്ടമണ്ണില്‍ (KFRI, പീച്ചി) എപ്പോഴും കൂടെയുണ്ടു്.

1999 ലാണു് രചന അക്ഷരവേദി രൂപംകൊള്ളുകയും മലയാളഭാഷാസാങ്കേതികതയുടെ ശരിയായ ദിശാബോധം നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നതു്. ശ്രീ. ആര്‍ . ചിത്രജകുമാറിന്റെ നേതൃത്വവും സൗഹൃദവുമാണു് ഭാഷാസാങ്കേതികരംഗത്തു് എനിക്കു് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതും മീരLMS ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേക്കു് നയിച്ചതും. സുബാഷ് കുര്യാക്കോസും ഡോ. വിജയകുമാരന്‍ നായരും ഈ കൂട്ടായ്മയുടെ ഭാഗമാണു്.

പിന്‍കുറിപ്പു്

സുനിത ടി.വി. എഡിറ്റു ചെയ്ത ‘സൈബര്‍ മലയാള’ത്തില്‍ (2009, കറന്റ് ബുക്സ്, തൃശൂര്‍ ) എന്റെയൊരു ലേഖനമുണ്ടു്. – ‘മലയാളഭാഷാസാങ്കേതികത: ആശങ്കകളും പ്രതീക്ഷകളും’ (പുറം 96.) അതു് അവസാനിക്കുന്നതു് ഒരു പിന്‍കുറിപ്പോടെയാണു്:

2008 ആഗസ്റ്റ് 9 ന് എടപ്പാളിനടുത്തു് വട്ടംകുളം ഗ്രാമീണവായനശാലയില്‍ കവി പി.പി. രാമചന്ദ്രന്‍ ‘മീരLMS’ എന്ന പ്രോഗ്രാമിനു് അനൗദ്യോഗികമായി തുടക്കംകുറിച്ചു. മലയാളത്തിന്റെ തനതുലിപിയുള്‍പ്പെടെ ഇന്ത്യയിലെ /ലോകത്തിലെ ഏതു ഭാഷയിലുമുള്ള സ്ക്രിപ്റ്റ് ഉപയോഗിച്ചും പുസ്തകങ്ങളുടെ ഡിജിറ്റല്‍ കാറ്റലോഗ് ഉണ്ടാക്കാനും സെര്‍ച്ച് ചെയ്യാനും ഉപകരിക്കുന്ന പ്രോഗ്രാമാണു് മീരLMS ( ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം.) കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ മികച്ച ലൈബ്രറികളൊക്കെ കമ്പ്യൂട്ടറൈസു് ചെയ്തിട്ടുണ്ട്. പക്ഷേ വിവരവ്യവസ്ഥാനിര്‍മ്മിതിയില്‍ മലയാളം സ്ക്രിപ്റ്റിന്റെ സ്ഥാനം തുലോം തുച്ഛമാണു്. ഉദാഹരണത്തിനു്, തിരുവനന്തപുരത്തെ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ഇരുപത്തയ്യായിരത്തോളംവരുന്ന മലയാളഗ്രന്ഥശേഖരത്തിന്റെ ഡിജിറ്റല്‍ കാറ്റലോഗു് ഉണ്ടാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണു്. മഞ്ഞു് എന്ന ഗ്രന്ഥം അതില്‍ MANJU ആണു്. NTUPPUPPAAKKORAANAENTAARNNU എന്നതു് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു്’ എന്ന് നാം മനസ്സിലാക്കണം! കേരളത്തില്‍ പ്രചാരം നേടിയിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഭാഷാപരമായ പോരായ്മകള്‍ പരിഹരിക്കാനുള്ള ഒരു ബദല്‍ അന്വേഷണമാണു് മീരLMS. ഒരു ഗ്രന്ഥവിവരവ്യവസ്ഥ (Bibliographic Information System) യിലൂടെ യൂനികോഡും തനതുലിപിയും വിവരവ്യവസ്ഥാനിര്‍മ്മിതിയുമൊക്കെ കേരളത്തിലെ ഗ്രാമങ്ങളില്‍ പരിചയപ്പെടുത്താന്‍ ഈ സംരഭത്തിനു കഴിയും. കേരളത്തിലെ അയ്യായിരത്തോളംവരുന്ന ഗ്രാമീണവായനശാലകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തി പരസ്പരബന്ധിതമായ ഗ്രാമീണവിവരകേന്ദ്രങ്ങളാക്കി (Village Information Centers) മാറ്റാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ രൂപംകൊണ്ടുവരുന്നു. യൂനികോഡു് അടിസ്ഥാനമാക്കിയുള്ള മലയാളഭാഷാസാങ്കേതികതയുടെ വിപുലമായ പ്രയോഗങ്ങള്‍ക്കു് ഇതു് വഴിതെളിയിക്കും.